ഭൌമരാഷ്ട്രീയം എന്നാല്‍ എണ്ണ രാഷ്ട്രീയം-പരഞ്ചോയ് ഗുഹ തകുര്‍ത്ത എഴുതുന്നു

ക്രൂഡോയിലിന്റെ അന്താരാഷ്ട്ര വിലയില്‍ പെട്ടെന്നുണ്ടായ ഇടിവ് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് നിര്‍ണായകമായ ഹ്രസ്വകാല നേട്ടങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ എണ്ണ വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ്, ദീര്‍ഘകാലത്തില്‍ ഈ രാജ്യത്ത് ഗുണത്തേക്കാളേറെ ദോഷഫലങ്ങള്‍ ഉണ്ടാക്കാനാണ് സാധ്യത. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വന്‍ലാഭം ധനമന്ത്രി അരുണ്‍ ജെറ്റ്‌ലിക്ക് താല്‍കാലിക ആശ്വാസം നല്‍കുമെന്നത് തീര്‍ച്ച. ഫെബ്രുവരി അവസാനം അവതരിപ്പിക്കപ്പെടുന്ന 2015-16 സാമ്പത്തിക വര്‍ഷത്തിലെ ധനകമ്മി ലക്ഷ്യം നേടുന്നതിന് ഇത് അദ്ദേഹത്തെ സഹായിക്കും. ഏതായാലും അന്താരാഷ്ട്ര സാമ്പത്തിക സ്ഥിതിഗതികള്‍ മൊത്തില്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് അനുകൂലമാണെന്ന് കാണാം. എന്നാല്‍,ഇത് രാജ്യത്തിന്റെ വിദേശ അടവ് മിച്ചത്തിലും (balance of payments) യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യത്തിലും ഉള്ള തുടര്‍ച്ചയായ സമ്മര്‍ദങ്ങള്‍ക്ക് കാരണമാകും.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമൃദ്ധിയിലാണെന്ന് അഹങ്കരിച്ചാല്‍ നമ്മള്‍ മണ്ടന്മാരായി തീരുമെന്ന് സാരം. യൂറോപ്പിലും ജപ്പാനിലും തുടരുന്ന സാമ്പത്തിക മാന്ദ്യം എന്ന ഭൂതവും റഷ്യന്‍ സാമ്പത്തിക രംഗത്തിന്റെ കടുത്ത ശോഷണവും ചൈനയുടെ സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന വേഗതക്കുറവുമാണ്, സാധാരണഗതിയില്‍ എണ്ണ വില കൂടേണ്ട സമയത്ത് (യൂറോപ്യന്‍ രാജങ്ങളില്‍ ശീതകാലത്ത് ഉഷ്ണം നിലനിര്‍ത്തുന്നതിനായി കൂടുതല്‍ എണ്ണ ഉപയോഗിക്കാറുണ്ട്) അപ്രതീക്ഷിതമായാണ് വിലയില്‍ കുത്തനെ ഇടിവുണ്ടായിരിക്കുന്നത്. ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്ന ഈ ഇടിവ് മൂലം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകളിലുള്ള നിക്ഷേപങ്ങള്‍ വെട്ടിക്കുറയ്ക്കുകയും സൗരോര്‍ജ്ജ, കറ്റാടി ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള സാമ്പത്തിക സഹായങ്ങളുടെ വേഗത കുറയ്ക്കുകയും ചെയ്യുമെന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം.

ജൂണില്‍ ബാരലിന് 115 യുഎസ് ഡോളറായിരുന്ന ഇന്ധന വില ജനുവരി ആദ്യം ബാരലിന് 50 യുഎസ് ഡോളറിനും താഴ്ന്ന നിരക്കിലേക്ക് ഇടിയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? ഇക്കണോമിസ്റ്റ് വീക്കിലി വിശേഷിപ്പിക്കുന്ന വിധത്തില്‍ സൗദി ഷേക്കുമാരും അമേരിക്കയിലെ ചെറുകിട എണ്ണ ഉല്‍പാദകരും തമ്മിലുള്ള മത്സരമെന്ന അതിലളിതമായ കാരണമാണോ ഇതിന് പിന്നില്‍? ഉക്രൈനില്‍ റഷ്യ ഇടപെട്ടതിനെ തുടര്‍ന്ന് ഉപരോധം ഏര്‍പ്പെടുത്തപ്പെട്ട ശേഷം, വ്‌ളാഡിമര്‍ പുടിന് മുന്നില്‍ മുടന്തുന്ന സാമ്പത്തികരംഗവും വിലയിടിയുന്ന റൂബിളുമാണുള്ളതെന്ന വസ്തുത പാശ്ചാത്യ രാജ്യങ്ങള്‍ക്ക് തീര്‍ച്ചയായും ആഹ്ലാദം പകരുന്നു. വെനീസ്വലയിലെ സാമ്പത്തികരംഗവും മോശം അവസ്ഥയിലാണുള്ളത്.

എന്നാല്‍ ജെറ്റ്ലിയെ സംബന്ധിച്ചിടത്തോളം സന്തോഷത്തിനുള്ള കാരണങ്ങള്‍ ഉണ്ട്. ഇന്ധനവില ബാരലിന് 110 ഡോളറിന്റെ പരിസരത്തായിരിക്കുമെന്ന് അദ്ദേഹം സങ്കല്‍പിച്ചിരുന്നെങ്കിലും നിലവില്‍ അതിന്റെ പകുതി വിലപോലും ഇല്ല. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.1 ശതമാനമായി ധനക്കമ്മി കുറച്ച് കൊണ്ടുവരിക എന്നത് അസാധ്യ ലക്ഷ്യമായി പലരും കരുതിയിരുന്നെങ്കിലും ഇപ്പോള്‍ അത് വെറും കുട്ടിക്കളിയാണെന്ന് വന്നിരിക്കുന്നു.

ക്രൂഡോയിലിന്റെയും മറ്റ് ഉല്‍പന്നങ്ങളുടെയും വിലയില്‍ ഉണ്ടായ കുറവ് മൂലം പണപ്പെരുപ്പം ഈ ദശാബ്ദത്തിലെ ഏറ്റവും താണ നിലയില്‍ എത്തിയിട്ടുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പണപ്പെരുപ്പം നിയന്ത്രിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന് നേട്ടമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ പൊതുയോഗങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നുണ്ടെങ്കിലും സര്‍ക്കാരിന് അത്ഭുതകരമായി ഭാഗ്യാനുഗ്രഹം ഉണ്ടെന്നതാണ് വസ്തുത.

രാജ്യത്തിന്റെ മൊത്തം ക്രൂഡോയില്‍ ആവശ്യങ്ങളുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ മൂന്നിലൊന്ന് ശതമാനവും എണ്ണ ഉല്‍പന്നങ്ങളാണ്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ അഞ്ചില്‍ ഒരു ശതമാനവും പെട്രോളിയം ഉല്‍പന്നങ്ങളാണ്. അത് മാത്രമല്ല. പെട്രോള്‍, ഡീസല്‍ വിലകള്‍ കുറച്ചുകൊണ്ട് അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയിലുണ്ടായ ഇടിവിന്റെ മൂന്നില്‍ ഒരു ശതമാനം ഗുണം ഉപഭോ്കതാവിന് കൈമാറാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള നമ്മുടെ പൊതു മേഖല എണ്ണ കമ്പനികള്‍ക്ക് സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിലേക്കുള്ള ഏറ്റവും വലിയ സംഭാവനകളായ എക്‌സൈസ് തീരുവയും കസ്റ്റംസ് തീരുവയും തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചുകൊണ്ട് തങ്ങളുടെ വരുമാനം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തിന്റെ മൂന്നിലൊന്നിനും 40 ശതമാനത്തിനും ഇടയില്‍ വരുന്ന പെട്രോളിയം വ്യവസായത്തില്‍ നിന്നുള്ള നികുതി വരുമാനം പിരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഉദാഹരണത്തിന് 2013-14 സാമ്പത്തിക വര്‍ഷത്തിലെ സര്‍ക്കാരിന്റെ മൊത്തം എക്‌സൈസ് തീരുവ വരുമാനമായ 1,79,000 കോടി രൂപയില്‍ 77,000 കോടി രൂപയും പെട്രോളിയം മേഖലയില്‍ നിന്നായിരുന്നു. ഇത് ഏകദേശം മൂന്നില്‍ ഒന്ന് വരും.

ഇനി ആഗോള ഇന്ധന വിലയില്‍ ഉണ്ടായിട്ടുള്ള ഇടിവിന്റെ പ്രതികൂല വശങ്ങള്‍ പരിശോധിക്കാം. ആഗോള സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിച്ച 2008 ഓര്‍മയിലുണ്ടോ? 2008ല്‍ ആഗോള ക്രൂഡോയില്‍ വില ബാരലിന് 40 യുഎസ് ഡോളറില്‍ നിന്നും 147 ഡോളറിലേക്ക് കുതിച്ചുയരുകയും വീണ്ടും 40 ഡോളറായി കുറയുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഹ്രസ്വകാല ചോദന-പ്രദാന അസന്തുലിതാവസ്ഥ ഒരു പരിധി വരെ പരിഹരിക്കപ്പെടുകയും ഒപെകിന്റെ (ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ്) മൂന്നില്‍ ഒന്ന് എണ്ണ വിതരണത്തിന്റെ കുത്തകയുള്ളതും അറബ് ലോകത്ത് അമേരിക്കയുടെ ഏറ്റവും വലിയ മിത്രവുമായ സൗദി അറേബ്യ എണ്ണ വിലകള്‍ സുസ്ഥിരമാക്കി പിടിച്ചു നിറുത്തുകയും ചെയ്തു. ആഗോള എണ്ണ വാണിജ്യത്തിന്റെ നാല്‍പത് ശതമാനം മാത്രമാണ് ഒപെകിന്റെ സംഭാവന എന്നതും 1980 കളില്‍ ഉണ്ടായിരുന്ന സ്വാധീനം ഈ മേഖലയില്‍ അവര്‍ക്ക് നിലവില്‍ ഇല്ലെങ്കിലും, വിലകള്‍ നിയന്ത്രിക്കുന്നതിനായി ഉല്‍പാദനം കുറയ്ക്കാന്‍ വിസമ്മതിച്ച സൗദി അറേബ്യയുടെ നിലപാട് നിര്‍ണായകമായി.

പശ്ചിമേഷ്യ കലാപത്തിന്റെ പിടിയിലാണ്. ഇറാഖ് പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്നു. മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണാനില്ല. ലിബിയയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഉടനൊന്നും പരിഹരിക്കപ്പെടില്ല. 1980 കളുടെ അവസാനവും 1990 കളുടെ ആരംഭത്തിലും ബര്‍ലിന്‍ മതിലിന്റെ വീഴ്ചയും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും അവസാനിപ്പിച്ച ശീതയുദ്ധത്തിന് ശേഷം ആഗോളീകരണം നേരിടുന്ന 'ഏറ്റവും വലിയ പ്രതിസന്ധിയാണ്' ഉക്രൈന് ശേഷം റഷ്യയും പടിഞ്ഞാറും തമ്മിലുള്ള ശത്രുതയെന്ന് മിക്ക നിരീക്ഷകരും വാദിക്കുന്നു. ഏതൊരു ഉല്‍പന്നത്തെക്കാളും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന ഒന്നാണ് ഇന്ധനം എന്ന് മാത്രമല്ല മിക്കപ്പോഴും ഭൗമ-രാഷ്ട്രീയമാണ് അതിന്റെ വിലകളെ സ്വാധീനിക്കുന്നതും.

യൂറോപ്പിലെയും ജപ്പാനിലെയും സാമ്പത്തിക മാന്ദ്യവും ചൈനയിലെ വളര്‍ച്ച മുരടിപ്പും കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇടിവ് സംഭവിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത് നിലവിലുള്ള കറണ്ട് അക്കൗണ്ട് കമ്മികളിലും രൂപയുടെ വിനിമയ മൂല്യത്തിലും സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കും. വന്‍വിലയുള്ള സാധനസമാഗ്രികള്‍ കൈകാര്യം ചെയ്യുന്ന പൊതുമേഖല കമ്പനികളുടെ ധനസഹായങ്ങളെ ഇന്ധനവിലയിലെ ഇടിവ് പ്രതികൂലമായി ബാധിക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്തംബര്‍ കാലയളവില്‍ നേടിയ 1683 കോടി രൂപയുടെ ലാഭത്തിന്റെ സ്ഥാനത്ത് ഈ വര്‍ഷം ഇതേ കാലയളവില്‍ 898 കോടി രൂപയുടെ നഷ്ടമാണ് ഐഒസിക്ക് സംഭവിച്ചിരിക്കുന്നത്. മൊത്തം ചരക്ക് നഷ്ടം 4272 കോടി രൂപയുടേതാണ്. വില വര്‍ദ്ധിച്ച് നിന്ന സമയത്ത് വാങ്ങിക്കൂട്ടപ്പെട്ടിരുന്ന പെട്രോകെമിക്കല്‍ കമ്പനികളുടെ ഓഹരികള്‍ ഇപ്പോള്‍ വിപണിയില്‍ നിശ്ചലമായിരിക്കുകയാണ്.

വെറും ആറ് മാസം കൊണ്ട് ആഗോള ക്രൂഡോയില്‍ വില 50-60 ശതമാനം കണ്ട് ഇടിയുമെന്ന് ആരും കരുതിയില്ല. എണ്ണ, പ്രകൃതിവാതക പര്യവേഷണങ്ങള്‍ക്കുള്ള ബാങ്ക് സഹായമായ രണ്ട് ട്രില്യണ്‍ ഡോളര്‍ തടയപ്പെട്ടിരിക്കുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പണപ്പെരുപ്പം ഇനിയും കൂടാനുള്ള സാധ്യതകളാണ് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതില്‍ നിന്നും പിന്മാറാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വ്യവസായികള്‍ സന്തുഷ്ടരായിരിക്കണം എന്ന് ആഗ്രഹിക്കുന്ന ധനമന്ത്രി ജെറ്റ്ലി അദ്ദേഹത്തിന്റെ വാദങ്ങള്‍ തള്ളിക്കളയുകയും പലിശ നിരക്ക് കുറയ്ക്കണം എന്ന് വാദിക്കുകയും ചെയ്യുന്നു.

അവസാനമായി, പെട്രോള്‍, ഡീസല്‍ വില താരതമ്യേന കുറഞ്ഞതോടെ, കുറഞ്ഞ മലിനീകരണമുള്ള യാത്ര സൗകര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന് ഇന്ത്യയില്‍ യാതൊരു പ്രചോദനവും ലഭിക്കുന്നില്ല. ഈ ശീതകാലത്ത് രാജ്യ തലസ്ഥാനം കണ്ട കനത്ത വായുമലിനീകരണം, ഡല്‍ഹിയെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഉറപ്പിച്ച് നിറുത്തുന്നു. നല്ലതിനോടൊപ്പം മോശം കാര്യങ്ങളും നമ്മള്‍ വിലയിരുത്തേണ്ടിയിരിക്കുന്നു.

Featured Book: As Author
Gas Wars
Crony Capitalism and the Ambanis
Also available:
 
Featured Book: As Publisher
The Modi Myth